ആമുഖം

ആളുകള്‍ നാനാതരത്തിലുള്ള ജോലികള്‍ ചെയ്യുന്നത്‌ ഉപജീവനമാര്‍ഗം കണ്ടെത്താനും മനഃസംതൃപ്തിക്കുമാണ്‌. ആളുകള്‍ പണിയെടുക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവനകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ രാജ്യത്തിലെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചും മേന്മയെക്കുറിച്ചുമുള്ള വിവരങ്ങൾ അതില്‍നിന്നു ലഭിക്കുന്നു. മനുഷ്യവിഭവ പ്ലാനിങ്ങിന്‌ അത്‌ സഹായിക്കുന്നു. തൊഴില്‍ രംഗത്തെ ചുഷണം, ബാലവേല, സ്ത്രീകള്‍ക്കെതിരായ വിവേചനം തുടങ്ങിയ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവയ്ക്കു പരിഹാരം കാണാനും അത്‌ സഹായിക്കുന്നു.

തൊഴിലാളികളും തൊഴിലും (Workers and Employment)

വരുമാനത്തിന്റെ ആകെ തുക” എന്നതാണ്‌ ദേശീയവരുമാനത്തിനു നല്‍കിയിരിക്കുന്ന നിര്‍വചനം. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ജനങ്ങള്‍ക്കുണ്ടാകുന്ന മൊത്തം വരുമാനമാണ്‌ അത്‌. സാമ്പത്തിക പ്രവര്‍ത്തനം എന്നു പറയുന്നത്‌ “മൊത്തം ദേശീയോല്പാദന ” (GNP) ത്തിനു സംഭാവനയാകുന്ന പ്രവര്‍ത്തനങ്ങളാണ്‌. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാര്‍ തൊഴിലാളികളാണ്‌.

ജനങ്ങളുടെ വിദ്യാഭ്യാസയോഗ്യതയിലൂം സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികളിലൂം വലിയ ഏറ്റക്കുറച്ചില്‍ കാണാം. അതുമൂലം ഇന്ത്യയിലെ തൊഴില്‍ സ്ഥിതി വളരെ സങ്കീര്‍ണ്ണമാണ്.

ഇന്ത്യയിലെ തൊഴില്‍സ്ഥിതിയുടെ ചില പ്രധാന സവിശേഷതകള്‍

 • തൊഴിലാളികളില്‍ 93 ശതമാനവും അസംഘടിതമേഖലയിലാണ്‌; അതായത്‌ സംഘടിത മേഖലയില്‍ ഏഴു ശതമാനം മാത്രമേയുള്ളൂ.
 • കര്‍ഷക തൊഴിലാളികളെപ്പോലെ തൊഴിലാളികളില്‍ വലിയൊരു ഭാഗത്തിന്‌ കൊല്ലത്തില്‍ അല്പകാലം മാത്രമേ തൊഴില്‍ ലഭിക്കൂ.
 • പണിക്കാരില്‍ 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണ്‌. ഗ്രാമങ്ങളിലെ പണിക്കാരില്‍ മൂന്നിലൊന്നും നഗരങ്ങളിലെ പണിക്കാരില്‍ അഞ്ചിലൊന്നും സ്ത്രീകളാണ്‌.
 • അസംഘടിതമേഖലയിലുള്ള തൊഴിലാളികളില്‍ പലര്‍ക്കും മിനിമം വേതനം പോലും ലഭിക്കുന്നില്ല.
 • രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാലവേല നിലവിലുണ്ട്‌.
 • സര്‍ക്കാര്‍ ജീവനക്കാര്‍, നന്നായി പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിങ്ങനെ സംഘടിതമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക്‌ നല്ല ശമ്പളവും പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങളും കിട്ടുന്നുണ്ട്‌. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ ഇത്തരം ആനുകുല്യങ്ങളൊന്നുമില്ല.
 • ഇന്ത്യയില്‍ പണിയെടുക്കാന്‍ കഴിവുളള നാലിപതു കോടി ജനങ്ങളുണ്ട്‌ (1999-2000 ലെ കണക്ക്‌). ഇതില്‍ 75 ശതമാനവും ഗ്രാമങ്ങളിലാണ്‌.

തൊഴിലില്‍ ജനപങ്കാളിത്തം (Participation of People in Employment)

ജനസംഖ്യയും തൊഴിലാളികളും തമ്മിലുള്ള അനുപാതത്തെ തൊഴിലില്‍ ജനപങ്കാളിത്തം എന്ന്‌ പറയുന്നു.

Worker Population Ratio

സാധന-സേവനങ്ങളുടെ ഉല്പാദനത്തിന്‌ സജീവമായി സംഭാവന ചെയ്യുന്ന ജനസംഖ്യാ അനുപാതം മനസ്സിലാക്കുന്നതിന്‌ ഈ അനുപാതം (ratio) സഹായിക്കുന്നു. ഉയര്‍ന്ന തൊഴിലാളി - ജനസംഖ്യാ അനുപാതം, ഉല്പാദന പ്രക്രിയയില്‍ തൊഴിലാളികളുടെ കൂടിയ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. കുറഞ്ഞ തൊഴിലാളി-ജന സംഖ്യാ അനുപാതം ഉല്പാദന പ്രക്രിയയില്‍ തൊഴിലാളികളുടെ കുറഞ്ഞ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു.

Table 7.1 ഇന്ത്യയിലെ തൊഴിലാളി- ജനസംഖ്യ അനുപാതം (2009-2010)

ലിംഗഭേദം ഇന്ത്യയിലെ തൊഴിലാളി- ജനസംഖ്യ അനുപാതം
ആകെ ഗ്രാമീണം നാഗരികം
പുരുഷന്മാര്‍ 54.4 54.3 54.6
സ്ത്രീകള്‍ 21.9 24.8 14.7
ആകെ 38.6 39.9 35.5

ഈ പട്ടികയില്‍നിന്ന്‌ മനസ്സിലാകുന്നത്‌-

 • ജനങ്ങളില്‍ 39 ശതമാനത്തോളം തൊഴിലാളികളാണ്‌.
 • തൊഴിലാളി-ജനസംഖ്യാ അനുപാതം ഗ്രാമങ്ങളില്‍ 40 ശതമാനവും നഗരപ്രദേശങ്ങളില്‍ 35.5 ശതമാനവുമാണ്‌.
 • തൊഴിലാളികളില്‍ സ്ത്രീകളേക്കാളേറെ പുരുഷന്മാരാണ്‌.
 • തൊഴില്‍ രംഗത്തെ സ്ത്രീപങ്കാളിത്തം നഗര പ്രദേശങ്ങളില്‍ കുറവും (15 ശതമാനം) ഗ്രാമ പ്രദേശങ്ങളില്‍ വളരെ അധികവും (25 ശതമാനം) ആണ്‌.

എന്തുകൊണ്ടാണ്‌ തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീ പങ്കാളിത്തം കുറവായിരിക്കുന്നത്‌?

തൊഴില്‍രംഗത്ത്‌ സ്ത്രീകളുടെ പങ്കാളിത്തം കുറയാന്‍ കാരണമായ പല ഘടകങ്ങളുണ്ട്‌. അവ-

 • സ്ത്രീകള്‍ക്കിടയില്‍ കുറച്ചു പേര്‍ക്കേ സാക്ഷരതയും വിദ്യാഭ്യാസയോഗ്യതകളുമുള്ളൂ.
 • പുരുഷന്മാരില്‍ പലരും ഭാര്യയെ വീട്ടമ്മയായി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. സ്ത്രീകളിൽത്തന്നെ പലരും അതാണാഗ്രഹിക്കുന്നത്‌.
 • ഉയര്‍ന്ന ശമ്പളമുള്ള ജോലികളില്‍ മിക്കതും നഗരപ്രദേശങ്ങളിലാണ്.
 • ഗ്രാമപ്രദേശങ്ങളില്‍ അവസരങ്ങള്‍ കുറവാണ്‌.
 • വരുമാനമുണ്ടാക്കുന്ന എന്തെങ്കിലും ജോലിയിലേര്‍പ്പെടാന്‍ ഗ്രാമീണ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു.

വീട്ടുജോലികള്‍ സ്ത്രീകളാണ്‌ ചെയ്യുന്നത്‌. പക്ഷെ ഇത്തരം ജോലികള്‍ക്ക്‌ വീട്ടമ്മമാര്‍ക്ക്‌ പ്രതിഫലം നല്‍കാത്തതിനാല്‍, ഇത്തരം ജോലികള്‍ തൊഴിലായി അംഗീകരിക്കപ്പെടുന്നില്ല. തന്മൂലം തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം കണക്കാക്കുന്നതില്‍ കുറവ്‌ (under estimation) വരുന്നു.

തൊഴിലാളികള്‍ - തരംതിരിവ്‌ (Classification of Workers)

 • സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (Self-Employed): ജീവിതവൃത്തിക്കായി സ്വന്തം സ്ഥാപനം നടത്തുന്നവരെയാണ്‌ സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ എന്നു വിളിക്കുന്നത്‌, ഉദാ: ഷോപ്പ്‌ ഉടമകള്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രോഫെഷനലുകൾ, ഹോട്ടല്‍ ഉടമകള്‍, കൊല്ലപണിക്കാര്‍ മുതലായവര്‍.
 • കൂലിപ്പണിക്കാര്‍ (Casual Wage Labourers): ദിവസവേതനത്തിനായി തൊഴില്‍ ചെയ്യുന്നവരെ കൂലിപ്പണിക്കാര്‍ എന്നു വിളിക്കുന്നു. ഇവര്‍ക്ക്‌ യാതൊരു തരത്തിലുമുള്ള അലവന്‍സുകളും ലഭിക്കുകയില്ല. കൃഷിത്തോട്ടങ്ങളിലും കമ്പനികളിലും നിര്‍മ്മാണ സ്ഥലത്തുമെല്ലാം ജോലിയെടുക്കുന്നവരാണിവര്‍.
 • സ്ഥിരം വേതനം വാങ്ങുന്ന ജീവനക്കാര്‍ (Regular Salaried Employees): സ്ഥിരം വേതനം വാങ്ങുന്ന സംഘടിതമേഖലയില്‍ (സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍, സ്വകാര്യമേഖല കമ്പനികള്‍) ജോലിചെയ്യുന്ന ജീവനക്കാരാണ്‌ സ്ഥിരം വേതനം വാങ്ങുന്ന ജീവനക്കാര്‍.

തൊഴിലാളികള്‍ (നഗര - ഗ്രാമീണമെന്ന നിലയ്ക്ക്‌)

Distribution of Workers

ഇന്ത്യയിലെ തൊഴിലാളികളില്‍ ഏറ്റവും വലിയ വിഭാഗം സ്വയംതൊഴില്‍ കണ്ടെത്തിയവരാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലേതിനേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ്‌ സ്വയം തൊഴില്‍ കണ്ടെത്തിയവരില്‍ കൂടുതലുള്ളത്‌. ഗ്രാമങ്ങളില്‍ കൃഷിയാണ്‌ പ്രധാനമെന്നതാണ്‌ ഇതിനുകാരണം. കൃത്യമായി ശമ്പളം വാങ്ങുന്നവര്‍ ഗ്രാമപ്രദേശങ്ങളില്‍ കുറവാണ്‌; ഇവരിലധികവും നഗരപ്രദേശങ്ങളിലാണ്‌. അതുപോലെതന്നെ കൂലിപ്പണിക്കാരും നഗര പ്രദേശങ്ങളിലുള്ളതിലധികം ഗ്രാമപ്രദേശങ്ങളിലാണ്‌.

തൊഴില്‍രംഗത്തെ ലിംഗഭേദം (Distribution of Employment by Gender)

തൊഴില്‍രംഗത്തെ ലിംഗഭേദം പ്രധാനമാണ്‌. താഴെ ചേര്‍ക്കുന്ന പട്ടിക കാണുക. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിലേക്ക്‌ ഇത്‌ വെളിച്ചം വീശും.

Table 7.1 ലിംഗഭേദമനുസരിച്ചുള്ള തൊഴില്‍വിതരണം
വിഭാഗം പുരുഷന്മാരായ തൊഴിലാളികള്‍ (ശതമാനം) സ്ത്രീകളായ തൊഴിലാളികള്‍ (ശതമാനം)
സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ 51 56
സ്ഥിരംശമ്പളക്കാര്‍ 20 13
കൂലിപ്പണിക്കാര്‍ 29 31

 • സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ക്കിടയിലും കൂലിപ്പണിക്കാര്‍ക്കിടയിലും പുരുഷന്മാരേക്കാളധികം സ്ത്രീകളാണ്‌.
 • പുരുഷന്മാരായ തൊഴിലാളികളില്‍ 20% പേര്‍ സ്ഥിരം ശമ്പളക്കാരാണെങ്കില്‍, സ്ത്രീകക്കിടയില്‍ 13% മാത്രമേ ശമ്പളക്കാരായുള്ളൂ.
 • ഇന്ത്യയില്‍ പുരുഷന്മാരാണ്‌ സാക്ഷരതയിലും വൈദഗ്ധ്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നത്‌.

.