വിശകലനം ചെയ്ത്, ആസൂത്രണം ചെയ്ത്, നടപ്പാക്കുവാൻ കഴിയുന്ന പദ്ധതികളും പരിപാടികളുമാണ് പ്രൊജക്ടുകൾ .

പൊതുവെ രണ്ടു തരം പ്രൊജക്ടുകൾ ഉണ്ട്-

 1. പ്രൊഫഷണൽ പ്രൊജക്ടുകൾ.
 2. അക്കാഡമിക്ക് പ്രൊജക്ടുകൾ.

പ്രൊഫഷണൽ പ്രൊജക്ടുകൾ -

സർക്കാർ പദ്ധതികൾ, സംവിധായകൻ സിനിമ ചെയ്യുന്നത് തുടങ്ങിയവ പ്രൊഫഷണൽ പ്രൊജക്ടുകൾ ആണ്.

അക്കാഡമിക്ക് പ്രൊജക്ടുകൾ.

ഒരു പ്രശ്നം പഠിച്ച് അതിൽ നിന്നും അനുമാനങ്ങൾ പുറത്ത് കൊണ്ട് വരികയാണ് അക്കാഡമിക്ക് പ്രൊജക്ടുകളിൽ ചെയ്യുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഒരു അക്കാഡമിക്ക് പ്രൊജക്ടിന് ഉദാഹരണമാണ്.

പ്രൊജക്ട് ഉണ്ടാക്കുന്നതിനുള്ള നടപടികൾ (Steps towards Making a Project)

 1. ഒരു പ്രശ്നം അഥവാ പഠന മേഖല നിർണ്ണയിക്കുക.
 2. ലക്ഷ്യമാക്കുന്ന ഗ്രൂപ്പിനെ തെരഞ്ഞെടുക്കുക.
 3. ഡേറ്റാ ശേഖരണം.
 4. ഡേറ്റയുടെ വർഗ്ഗീകരണവും അവതരണവും.
 5. വിശകലനവും വ്യാഖ്യാനവും.
 6. ഉപസംഹാരം.
 7. ഗ്രന്ഥസൂചി.

1.ഒരു പ്രശ്നം അഥവാ പഠന മേഖല നിർണ്ണയിക്കുക.

എന്താണ് പഠിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാകണം. ഉദാഹരണം: ഒരു പ്രത്യേക സോപ്പിന്റെ വിൽപന സംബന്ധിച്ച്,ഒരു പ്രത്യേക കമ്പനിയുടെ കാർ ഉൽപാദനത്തെ സംബന്ധിച്ച്,ഒരു പ്രത്യേക പ്രദേശത്തെ കുടിവെള്ള പ്രശ്നത്തെ കുറിച്ച് തുടങ്ങിയവ പ്രശ്നങ്ങൾ അല്ലങ്കിൽ പഠനമേഖലയാവാം.

2.ലക്ഷ്യമാക്കുന്ന ഗ്രൂപ്പിനെ തെരഞ്ഞെടുക്കുക.

പഠനവിധേയമാക്കുന്ന ഗ്രൂപ്പ് ഏതാണന്ന് നിശ്ചയിക്കലാണ് രണ്ടാം ഘട്ടം. ഉദാഹരണത്തിന് ബുക്കുകളെ കുറിച്ചാണ് പഠിക്കുന്നതെങ്കിൽ നിങ്ങൾ ലക്ഷ്യമിടുക വിദ്യാർത്ഥികളെ ആവാം. ഉപഭോഗവസ്തുക്കളെ കുറിച്ചാണങ്കിൽ ലക്ഷ്യമിടുന്ന ഗ്രൂപ്പ് ഗ്രാമീണ മേഖലയൊ നഗര മേഖലയൊ ആവാം.

3.ഡേറ്റാ ശേഖരണം.

പ്രാഥമിക ഡാറ്റയൊ സെക്കന്ററി ഡേറ്റയാണൊ വേണ്ടതെന്ന് തീരുമാനിക്കുക. അനുയോജ്യമായത് തെരഞ്ഞെടുക്കുക.

4.ഡേറ്റയുടെ വർഗ്ഗീകരണവും അവതരണവും.

വെക്തിഗത ശ്രേണിയായൊ, അസന്തത ശ്രേണിയായൊ, സന്തത ശ്രേണിയായൊ ഡാറ്റയെ വർഗ്ഗീകരിക്കാം. വർഗ്ഗീകരിച്ചവയെ ടെക്സ്റ്റ് രൂപത്തിലൊ, പട്ടിക രൂപത്തിലൊ, ഗ്രാഫുകളായൊ, ഡയഗ്രങ്ങളായൊ വർഗ്ഗീകരിക്കാം.

5.വിശകലനവും വ്യാഖ്യാനവും.

കേന്ദ്രീയ പ്രവണത കണ്ടെത്താൻ മീൻ ,മീഡിയൻ, മോഡ് തുടങ്ങിയവയും, ഡേറ്റയുടെ വ്യാപനം കണ്ടെത്താൻ റെയ്ഞ്ച്, ക്വാർടൈൽ ഡീവിയേഷൻ, സ്റ്റാൻഡേർഡ് ഡീവിയേഷൻ തുടങ്ങിയവയും, ചരങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്താൻ സ്കാറ്റർ ഡയഗ്രം, കാർപിയേഴ്സൺസ് കോറിലേഷൻ ഗുണാങ്കം, സ്പിയർമാൻസ് റാങ്ക് കോറിലേഷൻ എന്നിവയൊ വിശകലനത്തിന് ഉപയോഗിക്കാം.

6.ഉപസംഹാരം.

ഡേറ്റ വിശകലനം നടത്തി വ്യാഖ്യാനിച്ച് കഴിഞ്ഞാൽ ശരിയായ നിഗമനങ്ങളിലേക്കും ഉപസംഹാരത്തിലേക്കും എത്തിച്ചേരുന്നു. അതിനനുസരിച്ച് പുതിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നു.

7.ഗ്രന്ഥസൂചി.

ദ്വിതീയ ഡേറ്റയാണ് പ്രൊജക്ടിൽ ഉപയോഗിക്കുന്നതെങ്കിൽ അവയുടെ ഉറവിടങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

പ്രൊജക്ട് റിപ്പോർട്ടുകൾ.

റിപ്പോർട്ടുകളുടെ ലക്ഷ്യങ്ങൾ, അവയുടെ പ്രായോഗിക പ്രയോജനം, ഉപയോഗം എന്നിവ ക്കനുസരിച്ച് പ്രൊജക്ട് റിപ്പോർട്ടുകളിൽ വ്യത്യാസമുണ്ടാകും.എന്നാൽ പൊതുവെ പ്രൊജക്ട് റിപ്പോർട്ടുകൾക്ക് ഉണ്ടാവേണ്ട ഘടകങ്ങൾ താഴേ കൊടുക്കുന്നു.

 1. ആമുഖം (Introduction)
 2. പ്രശ്നാവതരണം (Statement of the Problem)
 3. ലക്ഷ്യങ്ങൾ (Objectives)
 4. രീതി ശാസ്ത്രം (Methodology)
 5. വിവര വിശകലനം (Analysis of Data)
 6. പഠനത്തിന്റെ പരിമിതികൾ (Limitations of the Study)
 7. നിഗമനങ്ങൾ (Conclusion)

1.ആമുഖം (Introduction)

പ്രൊജക്ടിന്റെ ആവശ്യകത, പ്രധാന്യം, പ്രസക്തി എന്നിവയെ കുറിച്ച് ഒരു ഏകദേശ രൂപമാണ് ആമുഖത്തിൽ അവതരിപ്പിക്കുന്നത്.

2.പ്രശ്നാവതരണം (Statement of the Problem)

പoന വിഷയം എന്താണന്ന് വ്യക്തമായും കൃത്യമായും നിർവ്വചിക്കുക എന്നതാണ് പ്രശ്നാവതരണം കൊണ്ട് ഉദ്ദേശിക്കുന്നത്.പ്രൊജക്ടിലെ പ്രധാന ആശയങ്ങൾക്ക് നിർവ്വചനം നൽകിയിരിക്കണം.

3.ലക്ഷ്യങ്ങൾ (Objectives)

പ്രൊജക്ടിന്റെ ലക്ഷ്യങ്ങൾ അധികം വിവരണാത്മകം ആകാത്ത രീതിയിൽ പട്ടിക രൂപത്തിൽ നമ്പറിട്ട് അവതരിപ്പിക്കണം.

4.രീതി ശാസ്ത്രം (Methodology)

വിവരങ്ങളുടെ സ്വഭാവം, ഉറവിടം, വിശകലന രീതി എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.പ്രാഥമിക ദത്തങ്ങളാണൊ ദ്വിതീയ ദത്തങ്ങളാണൊ ശേഖരിച്ചതെന്നും എവിടെ നിന്ന് ശേഖരിച്ചുവെന്നും വ്യക്തമാക്കണം.

5.വിവര വിശകലനം (Analysis of Data)

പ്രൊജക്ട് റിപ്പോർട്ടിന്റെ " മർമ്മം'' ആകുന്നു വിശകലനം.

6.പഠനത്തിന്റെ പരിമിതികൾ (Limitations of the Study)

പഠനത്തിന് ഉണ്ടായേക്കാവുന്ന പോരായ്മകൾ പരിമിതികളിൽ ഉൾകൊള്ളിക്കണം. സാമ്പിൾ സർവ്വെയിലെ പ്രശ്നങ്ങൾ, മറുപടികളിലെ ക്യത്യതയില്ലായ്മ, ദ്വിദീയ വിവരങ്ങൾ അനുയോജ്യമല്ലാത്ത അവസ്ഥ, വിവരം ശേഖരിച്ചവരുടെ വൈദഗ്ദ്ധ്യമില്ലായ്മ തുടങ്ങിയവ പരിമിതികളാണ്.

7.നിഗമനങ്ങൾ (Conclusion)

വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ അതിൽ നിന്നും നിഗമനങ്ങൾ ഉണ്ടാകുന്നു.ഇവ പുതിയ കണ്ടെത്തലുകൾ ആവാം. ഇവ നമ്പറിട്ട് അവതരിപ്പിക്കണം.